Friday, March 28, 2014

ലോകോളേജിലെ സുന്ദരികളും ഗള്‍ഫിലെ കുപ്പായവും.!!

സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്‌ യൂണിഫോം ധരിക്കാന്‍, പത്താം ക്ലാസ് കഴിഞ്ഞാല്‍ അതില്‍ നിന്നൊരു  മോചനം കിട്ടും എന്ന് കരുതിയത് തെറ്റി , പ്രീഡിഗ്രി കഴിഞ്ഞു  ജെ ഡി റ്റി യില്‍ പഠിക്കുമ്പോള്‍ ദാ വരുന്നു വീണ്ടും യൂണിഫോം എന്ന കുരിശ്..മലാപറമ്പിലെ പ്രോവിഡന്‍സ് കോളേജിലെ സുന്ദരികള്‍ക്ക് മുന്നിലൂടെയും വെള്ളിമാട് കുന്നിലെ ലോകോളേജ്  പെണ് പടയുടെ പിറകെയും പൊടി മീശവളര്‍ന്ന പയ്യന്‍സ്  നീല നിറമുള്ള ഷര്‍ട്ടും ഇട്ടു പോവുന്നത്  അണ്സഹിക്കബിള്‍ ആയിരുന്നതിനാല്‍ ഞങ്ങളുടെ പൂര്‍വികര്‍ താവഴിയായി കൈമാറിവന്ന ഒരു വാടക റൂം ഉണ്ടായിരുന്നു ക്യാമ്പസിന് തൊട്ടു താഴെ. മാസം 50 രൂപ കൊടുത്താല്‍ അവിടെ ഷര്‍ട്ടും പാന്റ്സും തൂക്കാനുള്ള ഒരു ഹുക്ക് കിട്ടും, നല്ല അടിപൊളി ഡ്രസ്സില്‍ വന്നു അതവിടെ അഴിച്ചുവെച്ച്  യൂണിഫോം ഇട്ടു ക്ലാസില്‍ പോവറായിരുന്നു പതിവ് . അതാവുമ്പോള്‍ കോഴിക്കോട് ഇറങ്ങുന്ന സിനിമകള്‍ ആരെയും പേടിക്കാതെ കാണുകയും ചെയ്യാം ലോകോളേജില്‍ പഠിക്കുന്നവരാണ് എന്ന ലുക്കും കിട്ടും. ഇങ്ങിനെയൊക്കെയാണേലും ഇത് ദഹിക്കാത്ത മൂരാച്ചി പിന്തിരിപ്പന്‍ ജൂനിയേഴ്സ്‌ റാഗ് ചെയ്തതിനു പകരമായി സീനിയേഴ്സിന്‍റെ കള്ളക്കളികള്‍ ഒറ്റുകൊടുക്കുമായിരുന്നു.അത് കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍  ഇടക്കിടക്ക് വാടക റൂമില്‍ മിന്നല്‍  റെയ്ഡ് നടത്തുകയും "സ്ഥാവരജംഗമ ഷര്‍ട്ടുകള്‍" കണ്ടുകെട്ടുകയും ചെയ്യാറുണ്ട് .

Wednesday, March 19, 2014

വധശിക്ഷയും കാത്ത് ഇരുപത്തിയൊന്നു ദിനങ്ങള്‍.

ധശിക്ഷയാണോ  നിരപരാധിയായി വെറുതെ വിടുമോ എന്നറിയാതെ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.ഒരു കാര്യം ഉറപ്പായിരുന്നു  തങ്ങളുടെ കൂടെയുള്ള പതിനെട്ടു പേരില്‍ ഒരാളുടെ ജീവിതം ആരാച്ചാരുടെ വാളിനരയാവും. അത് ആരാവും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ഈ അനിശ്ചിതത്വം മരണത്തെക്കാള്‍ എത്ര ഭയാനകം.

രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കിട്ടിയ അവധിയില്‍ സ്വന്തം മണ്ണിലേക്കുള്ള യാത്ര ജയിലിലേക്കുള്ള പറിച്ചു നടലായിരിക്കുമെന്നു ദിനേശന്‍ ഒരിക്കലും കരുതിയിരുന്നില്ല. നിറഞ്ഞ പുഞ്ചിരിയുമായി പടിപ്പുരയില്‍ കാത്തിരിക്കുന്ന ഭാര്യയെയും ജനിച്ചിട്ട്‌ ഇത് വരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത മകളെയും ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആ ജയിലിനുള്ളില്‍  ഉറക്കെയൊന്നു  കരയണമെന്നു തോന്നി. നാട്ടിലേക്ക് പോകുന്നതിനായി ആയിരം കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലെ എയര്‍പോര്‍ട്ടിലേക്ക് ബസ്സ് കയറുമ്പോള്‍ കൂട്ടിനു കിട്ടിയത് ഹബീബിനെയാണ്.  ഒരാഴ്ച്ച കഴിഞ്ഞു നടക്കാന്‍ പോവുന്ന വിവാഹത്തില്‍ പുതുമണവാളനാവാനുള്ള ഉത്സാഹത്തിലായിരുന്നു അവന്‍. ബസ്സില്‍ കയറി സീറ്റിലിരുന്നയുടെനെ തന്നെ നാട്ടിലേക്ക് വിളിച്ചു താന്‍ വരുന്ന വിവരവും യാത്രാവിശേഷങ്ങളുമൊക്കെ കൂട്ടുകാരോട് വാതോരാതെ സംസാരിക്കുകായിരുന്നു  ഹബീബ്.