Wednesday, October 28, 2015

ഖുന്‍ഫുധയിലെ വോട്ടുവര്‍ത്തമാനങ്ങള്‍ !!.

 ഖുന്‍ഫുധ പ്രവാസികള്‍ക്ക്  ഈ വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ കുറിച്ച് എന്താണ് പറയാനുള്ളത് ? പഴയ കാല  പ്രവാസികളുടെ വോട്ടനുഭവങ്ങള്‍ എന്തൊക്കെയാവും? യാത്രക്കിടയില്‍ കണ്ടുമുട്ടിയവരും, സൌഹൃദവലയത്തില്‍ പെട്ടവരുമായി    മലയാളം ന്യൂസിന് വേണ്ടി നടത്തിയ "ഇലക്ഷന്‍  വര്‍ത്തമാനത്തില്‍" നിന്നും !!
         
 (28/102015 മലയാളം ന്യൂസില്‍  പ്രസിദ്ധീകരിച്ചത് !!.)

Friday, October 9, 2015

പൊന്നാട മഴ സീസണ്‍ രണ്ട് !! .


ള്‍ഫില്‍ ഒരു സംഗീത പരിപാടി !! അതും അറിയപ്പെടുന്ന സിനിമാ നടന്മാരും പിന്നണി ഗായകരും ചേര്‍ന്ന് .
"എന്താ പോവല്ലേ?" ചങ്ങാതിയുടെ ചോദ്യം.
"എപ്പോ പോയി എന്ന് ചോദിച്ചാല്‍ മതി."വാ നോക്കാം.
വൈകുന്നേരം. പരിപാടി നടക്കുന്ന സ്കൂള്‍ ഗ്രൌണ്ടില്‍ ഹാജര്‍.റോഡു നിറച്ചും ആണും പെണ്ണും സമാധാനപരമായി ക്യൂ നില്‍ക്കുന്നു.പൊള്ളുന്ന ചൂടിലും ഇത്രയും അച്ചടക്കത്തോടെയും ക്ഷമയോടെയും ആളുകള്‍ ക്യൂ  നില്‍ക്കുന്നത് ബിവറേജസിന് മുന്നിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. "വെല്‍ഡന്‍ മൈ ബോയ്സ് " എന്നിലെ ജോസ് പ്രകാശ് മന്ത്രിച്ചു .
ഒരാള്‍ പിറകില്‍ നിന്നും" ടിക്കറ്റ് എടുത്തോ ? വേണേല്‍ ഞാന്‍ തരാം" !!.
നിരക്ക് കേട്ട്  ഞാന്‍ ഞെട്ടി !!! . നാല് പേര്‍ക്ക് 300 റിയാല്‍ എന്ന് പറഞ്ഞാല്‍ ഏകദേശം അയ്യായിരം രൂപ! സ്റ്റാന്ഡിങ്ങില്‍ ടിക്കറ്റ് എടുത്താല്‍ ഒരു പാട് അകലത്തിലാവും,മാത്രവുമല്ല എം ജി യും മഞ്ചുവാര്യരും നിവിന്‍ പോളിയുമൊക്കെ വരുന്നതല്ലേ,, സ്ക്രീനില്‍ കാണുന്നവരെ ജീവനോടെ കാണണമെങ്കില്‍ വി ഐ പി ടിക്കറ്റ് തന്നെയെടുക്കണം" ചങ്ങാതിമാരുടെ പ്രമേയം പാസ്സാക്കല്‍!!.
ടിക്കറ്റ് എടുത്തു ഗ്രൗണ്ടിലേക്ക് കടക്കുമ്പോള്‍ വളണ്ടിയര്‍ പയ്യന്‍ ഞങ്ങളെ നോക്കി ഒരു  മാതിരി ചിരി!!.അതെന്തിനായിരിക്കും?  കിടക്കട്ടെ ഒരു സസ്പെന്‍സ്!.പിന്നെ പറയാം.

Friday, September 18, 2015

എന്റെ ചിറകൊടിഞ്ഞ കിനാക്കള്‍ അഥവാ, ഒരു ആല്‍ബം നായകന്‍റെ കദന കഥ.


മൂസ്സൂട്ടിയുടെ ബാര്‍ബര്‍ ഷോപ്പിലെ കറങ്ങുന്ന കസേരയില്‍ ഞാനെന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. തല മുടി വെട്ടണം, എന്നെ സുന്ദരനാക്കൂ സുന്ദരാ എന്ന് പറയേണ്ട കാര്യമൊന്നുമില്ല.മൂസൂട്ടി മനസ്സറിഞ്ഞു ആ ജോലി ഭംഗിയായി ചെയ്തോളും. അത് ഞങ്ങളെ ഗ്രാമത്തിലെല്ലാവര്‍ക്കും അറിയാം.മുടി വെട്ടുമ്പോള്‍ മൂസൂട്ടി, റേഷന്‍ കട മുതല്‍ ഐക്യ രാഷ്ട്രസഭ വരെയുള്ള വിഷയങ്ങള്‍ വാ തോരാതെ സംസാരിക്കും, അവന്റെ കത്രിക എന്റെ കാഴുത്തിലായതിനാല്‍  എല്ലാത്തിനും സമ്മതം മൂളുകയല്ലാതെ എനിക്ക് മൂന്നാമതൊരു ഓപ്ഷന്‍ ഇല്ല :)അങ്ങിനെ കത്രികയും തലമുടിയും തമ്മില്‍ ഒരു ചില്‍ ചില്‍ ശബ്ദത്തോടെ പ്രണയ ഗാനം മൂളുമ്പോഴാണ്‌ ഞാന്‍  പിറകിലെ കണ്ണാടിയില്‍ കൂടി അത് കാണുന്നത് . എന്നെ ഒരാള്‍ തുറിച്ചു നോക്കുന്നു. ഞാന്‍ മൂപ്പരെ നോക്കുമ്പോള്‍ മൂപ്പര്‍ അറിയാത്തപോലെ അങ്ങാടിയിലേക്ക് മുഖം തിരിക്കും.വീണ്ടും എന്നെ നോക്കും.

Wednesday, April 29, 2015

പടച്ചോന്റെ ക്യാമറ.!!ളന്നു മുറിച്ച രണ്ടു മാസത്തിലെ ലീവില്‍ വീട് പണി എങ്ങിനെയെങ്കിലും ഒന്ന്  പൂര്‍ത്തിയാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.തിരക്കോട് തിരക്ക്. പിരിവുകാരെയും എല്‍ ഐസിക്കാരെയും എത്ര ദൂരെനിന്നു കണ്ടാലും തിരിച്ചറിയാന്‍ ഒരു പ്രത്യേക പരിശീലനം ഇതിനോടകം ഞാന്‍ നേടിയിരുന്നു.രാവിലെ തന്നെ ബംഗാളികളുടെ തട്ടും മുട്ടും കേട്ടാണ് തൊട്ടടുത്തു തന്നെയുള്ള വീടുപണി നടക്കുന്നിടത്ത് ചെന്നത്.അപ്പോഴതാ കോട്ടും ടയ്യും കെട്ടി രണ്ടു മൂന്നു ഫ്രീക്കന്‍സ് പിള്ളേര്‍ ഒരു പുതുപുത്തന്‍ കാറില്‍ മുറ്റത്ത്.
"സര്‍ നമസ്കാരം". ആ സര്‍ വിളി  കേട്ടാല്‍ ആരും വീണുപോകും.ഇവിടെ അറബികളെ സര്‍ എന്ന് വിളിക്കുന്നത് പോലെയല്ല, നാട്ടില്‍ നമ്മളെ ചിലര്‍ "സര്‍" എന്ന് വിളിക്കുന്നത്.
"സര്‍ ഞങ്ങളെ മനസ്സിലായോ"? കണ്ടിട്ടു ഒരു പരിചയവും തോന്നുന്നില്ല.
"സോറി എനിക്ക് മനസ്സിലായില്ലട്ടോ,ആരാ എവിടുന്നാ"?
"സര്‍  ബീ ആന്‍റ് ടി എന്ന്  കേട്ടിട്ടുണ്ടോ?". കണ്ണും പൂട്ടി ഞാന്‍ പറഞ്ഞു "ഇല്ല കേട്ടിട്ടില്ല"
"സര്‍ ഞങ്ങള്‍ കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന സെക്യൂരിറ്റി കമ്പനിയില്‍ നിന്നാണ് വരുന്നത്. വീടിന്റെ പണിപൂര്‍ത്തിയാവാന്‍ പോവുകയല്ലേ, സി സി ടി വിയൊന്നും വെക്കുന്നില്ലേ? സുരക്ഷയാണ് പ്രധാനം"


Monday, February 23, 2015

ഒരു കഴുത സവാരിയും. മരുഭൂമിയിലെ ചുടുവെള്ള കിണറും.


കണ്ടാല്‍ അടുത്തെന്ന് തോന്നും നടന്നു നോക്കിയാല്‍ അറിയാം ദൂരം 
അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി!.. അടുത്തറിയും തോറും പുതിയ അറിവുകള്‍ ലഭിക്കുന്ന മഹാത്ഭുതം.കുത്തനെയുള്ള കയറ്റത്തില്‍ വാഹനം നിര്‍ത്തിയാല്‍ താഴേക്ക് പോവുന്നതിനു പകരം മുകളിലേക്ക് തന്നെ കയറിപോവുന്ന സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. അത് പോലെയുള്ള അറിവായിരുന്നു സദാ സമയവും തിളച്ചു മറിയുന്ന മരുഭൂമിയിലെ ജലപ്രവാഹം.അകലെ യുള്ള ജിസാനിലും, അല്‍-ലിത്തിലെ ഒമേഗയിലുമാണ് ഈ അത്ഭുതപ്രതിഭാസത്തെ കുറിച്ച് കേട്ടിട്ടുള്ളത്. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് ജോലിയാവശ്യാര്‍ത്ഥം,പുതുതായി വന്ന  മജാരദ-ഖുന്‍ഫുധ റോഡില്‍ കൂടി  സഞ്ചരിക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന പാകിസ്ഥാനി ഇവിടെയും ഇങ്ങിനെയൊരു അത്ഭുതമുള്ളതിനെക്കുറിച്ച് പറയുന്നത്. ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് ക്രത്യമായി എവിടെ എന്ന്‍ അവനും അറിയില്ല. പിന്നീട് പലപ്പോഴും അത് വഴി പോയിട്ടുണ്ട് എങ്കിലും.വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല.

Wednesday, February 4, 2015

P K = പ്രവാസി !!! ??


"PK കണ്ടോ പികെ ? " ഇല്ലേല്‍ കാണണം ട്ടോ നല്ല സിനിമയാണ് " കണ്ടിട്ടു അഭിപ്രായം പറയണം മറക്കരുത് " ഇന്ബോകിസിലെ ഫ്രണ്ടിന്റെ റിക്കസ്റ്റ് . ആദ്യമൊന്നും ഞാന്‍ അതത്ര കാര്യമാക്കിയില്ല. പിന്നീടാണ് പല ബ്ലോഗേഴ്സിന്റെയും മൂവി റിവ്യൂ വായിച്ചപ്പോള്‍ കണ്ടു കളയാം എന്ന്  തോന്നിയത്.അങ്ങിനെ പി കെ കണ്ടു.

പിറ്റേന്നും ലവന്‍ വിടുന്നില്ല.."കണ്ടോ എങ്ങിനെയുണ്ട് "?

ഞാന്‍ പറഞ്ഞു "കണ്ടു ഉള്ളത് പറയാലോ ഇത് അടിച്ചു മാറ്റിയ കഥയാണ്"
കടുത്ത അമീര്‍ഖാന്‍ ഫാന്‍ ആയ അവന്‍ എനിക്ക് നേരെ   നാല് ചാട്ടം!!. 
"ഒന്ന് പോടെ നിന്നെയൊക്കെ ഇത് കാണാന്‍ പറഞ്ഞ എന്നെ വേണം തല്ലാന്‍ "
"എടാ ഇത് ഞാന്‍ അറിയുന്ന ഒരു പ്രവാസിയുടെ കഥയാണ് അത് അവര്‍ അടിച്ചു മാറ്റിയതാണ് "

അങ്ങിനെ ഞാന്‍ കണ്ട പി കെയും ,, അവന്‍ കണ്ട സിനിമയിലെ പി കെ യും തമ്മില്‍ ഒന്നാണെന്ന് കണ്ടെത്തിയ നിരീക്ഷണ പ്രബന്ധം അവനു വേണ്ടി ഞാന്‍ നിരത്തി.. അതിങ്ങനെ,,

സിനിമയിലെ പികെ ഒരു പറക്കും തളികയിലാണ് കുറെ കറങ്ങി തിരിഞ്ഞ് ഭൂമിയില്‍ എത്തുന്നത് .
നമ്മുടെ പ്രവാസി പികെയും അത് പോലെ തന്നെ ! എയര്‍ ഇന്ത്യയില്‍  കറങ്ങി തിരിഞ്ഞ് അവസാനം പ്രവാസ ഭൂമിയായ എയര്‍ പോര്‍ട്ടില്‍ എത്തുന്നു .രണ്ടു പേരും പ്രവാസികള്‍

പികെ യുടെ " റിമോട്ട് കണ്ട്രോള്‍ " തട്ടിപ്പറിച്ച് നാട്ടുകാരന്‍ ഓടുമ്പോള്‍ ,, പികെ യുടെ പാസ് പോര്‍ട്ടും കൊണ്ടാണ് കൂലി കഫീല്‍ ഓടുന്നത് smile emoticon

നഷ്ടപെട്ട റിമോട്ട് കണ്ട്രോളിനു പകരം പികെ ക്ക് റേഡിയോ കിട്ടുമ്പോള്‍ . പ്രവാസി പി കെ ക്ക് കിട്ടുന്നത് ഇക്കാമ യാണ് . അതിലുമുണ്ട് ഒരു സാമ്യം (ജന്മ നാട്ടിലേക്ക്  തിരിച്ചു പോവാന്‍ ഇത് രണ്ടു കൊണ്ടും കാര്യമില്ല  smile emoticon

പി കെ നഗ്നനായിട്ടാണ് ഭൂമിയില്‍ എത്തുന്നത് .. തോപ്പുകള്‍ ധരിച്ച സ്വദേശികളുടെ നാട്ടില്‍ പാന്റും ഷര്‍ട്ടും ഇട്ടു വന്ന പികെ യെന്ന  പ്രവാസിയും അവരുടെ കണ്ണില്‍ വിചിത്ര ജീവിയായിരിക്കും.

Sunday, January 18, 2015

ഏറുമാടങ്ങളിലെ ഒളിജീവിതം.

മലയാളം ന്യൂസ് 17/05/2015നു പ്രസിദ്ധീകരിച്ചത് 
ചുട്ടുപൊള്ളുന്ന ചൂടിലും അതി ശൈത്യത്തിലും,ശീതീകരണ സംവിധാനങ്ങളോ റൂം ഹീറ്ററുകളോ ഇല്ലാതെ  മണ്ണിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന പ്രവാസികളുണ്ട്‌ സൌദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍.
നഗരങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ  വിദൂര ഗ്രാമങ്ങളില്‍ ദിവസത്തിന്റെയോ മാസത്തിന്റെയോ സമയക്കണക്കറിയാതെ പേരറിയാ പ്രവാസികളായി കഴിയുന്ന വിവിധ രാജ്യക്കാര്‍!!.അജ്ഞത കൊണ്ടും ചതിയില്‍പെട്ടുമാണ് പലരും ഇങ്ങിനെ മസ്രകളില്‍ ആടുജീവിതം നയിക്കുന്നത്.എന്നാല്‍ സൌദിഅറേബ്യയുടെ അയല്‍ രാജ്യങ്ങളോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍  പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നിയമത്തിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാതെ പണിയെടുക്കുന്നവരാണ് യമനികര്‍ഷകര്‍.സൌദി -യമന്‍ അതിര്‍ത്തി പങ്കിടുന്ന അത്വാലിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ചു മലനിരകളില്‍ കൂടിയാണ് ഇവര്‍ യാത്രാരേഖകളില്ലാതെ ഇവിടെയത്തുന്നത്. കിലോമീറ്ററുകള്‍ കാല്‍നടയായും ചിലപ്പോഴൊക്കെ കിട്ടുന്ന വാഹനത്തില്‍ കയറിയും ഇവര്‍ സൌദിഅറേബ്യയിലെത്തി കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെടുന്നു.

Saturday, January 3, 2015

വിപ്ലവത്തില്‍ നിന്നും പ്രവാസത്തിലേക്ക് !!.

മലയാളം ന്യൂസ് -നവംബര്‍ 2നു പ്രസിദ്ധീകരിച്ചത് 
ചോരതിളക്കുന്ന പ്രായത്തില്‍ നക്സല്‍ വര്‍ഗ്ഗീസിന്റെയും, അജിതയുടെയും ഫിലിപ്പ് എം പ്രസാദിന്റെയുമൊക്കെ നക്സല്‍പ്രസ്ഥാനത്തില്‍ നിന്നും പ്രവാസത്തിലേക്കുള്ള ഹസ്സന്‍ ഹാജിയുടെ ചുവടുമാറ്റം ആദര്‍ശ വ്യതിയാനം കൊണ്ടായിരുന്നില്ല.വിപ്ലവവും ജയില്‍വാസവുമൊന്നും പട്ടിണിയും  പ്രാരാബ്ധവും മാറ്റില്ല എന്ന തിരിച്ചറിവായിരുന്നു.

ബീഡി കമ്പനിയില്‍ നിന്നും പാത്രം വായിച്ചുകിട്ടുന്ന  കൂലിയായി കിട്ടുന്ന  ഒറ്റ ബീഡിയും . വൈകുന്നേരങ്ങളില്‍ ഇടതു വിപ്ലവ ചിന്തകള്‍ ഉണര്‍ത്തുന്ന പുസ്തകകങ്ങളും ലഘു ലേഖകളുമായിരുന്നു മംഗലശ്ശേരി ഹസ്സന്‍ ഹാജിയുടെ ബാല്യത്തിലെ നേരമ്പോക്കുകള്‍.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തും, നാടകങ്ങള്‍ക്ക് തിരക്കഥ എഴുതിയും ലക്ഷ്യ ബോധമില്ലാത്ത യൌവ്വനത്തില്‍, ഭരണവര്‍ഗ്ഗത്തിന്റെ തലവേദനയായി മാറിയ നെക്സ്ല്‍ പ്രവര്‍ത്തനത്തില്‍ ആകൃഷ്ഠനായി ഇടതു  പ്രസ്ഥാനത്തില്‍ ചേരുകയും , എ കെ ജി ആഹ്വാനം ചെയ്ത സമരത്തില്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നു. ഒന്നരവയസ്സും  ആറരമാസവുമുള്ള കുഞ്ഞുങ്ങളെ കൈകളിലേല്‍പ്പിച്ചു പ്രിയതമ ഇഹലോകത്തോട് വിട  പറഞ്ഞപ്പോഴാണ്  പ്രസ്ഥാനത്തില്‍ നിന്നു വിട്ടു നിന്നു  ജിവിതത്തെ കൂടുതല്‍ ഗൌരവമായി കാണാന്‍ തുടങ്ങിയത്.അര്‍ദ്ധപട്ടിണിയില്‍ നിന്നും ഓലമേഞ്ഞ ഷെഡില്‍ നിന്നും ഒരു താല്‍ക്കാലിക പരിഹാരം,പുതുതായി ജീവിതത്തിലേക്ക് കടന്നു വന്ന പ്രിയപ്പെട്ടവളുമൊത്തു അല്ലലില്ലാത്ത  ജീവിതം ഇതൊക്കെയായിരുന്നു കടല്‍കടക്കാന്‍ ഹാജിയെ പ്രേരിപ്പിച്ചത്..